തൃശൂർ : സ്വകാര്യ ഡി അഡിക്ഷൻ സെന്ററിൽ ജോലി ചെയ്യുന്ന യുവാവ് എം.ഡി.എം.എ യുമായി പിടിയിലായി. കൊരട്ടി ചെറ്റാരിക്കൽ മാങ്ങാട്ടുകര വീട്ടിൽ വിവേക് എന്ന ഡൂളി വിവേകിനെയാണ്(25) ചാലക്കുടി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 4.5 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തത്. കറുകുറ്റിയിലെ സ്വകാര്യ ഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരനായിരുന്നു. സ്ഥാപനത്തിലെ അധികൃതർ അറിയാതെ ഡി അഡിക്ഷൻ സെന്ററിൽ വരുന്ന രോഗികൾക്ക് വിവേക് മയക്കുമരുന്ന് വിൽക്കുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. അരഗ്രാമിന് 3000 രൂപ എന്ന നിരക്കിലായിരുന്നു വിൽപന. കൊരട്ടി, ചിറങ്ങര, ചെറ്റാരിക്കൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. അങ്കമാലി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ലോബിയിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. പോയന്റ് എന്ന കോഡ് ഉപയോഗിച്ചാണ് രാസലഹരി വിറ്റിരുന്നത്. രാസലഹരി, അടിപിടിക്കേസുകളിലും പ്രതിയാണ്.
Youth arrested with MDMA